Thursday, May 14, 2009

പൂരകാഴ്ചകള്‍

ഇത്തവണ തൃശൂര്‍ പൂരം കാണാന്‍ കഴിഞ്ഞില്ല്യ.
കഴിഞ്ഞ ഏഴ് വര്‍ഷം മുടങ്ങാതെ കണ്ടിരുന്നതാ.. ഇത്തവണ പോയില്ല്യ... പോവാന്‍ സാധിച്ചില്ല്യാന്നു പറയണതാവും ശരി.

ലീവ് എടുത്തു പോവാന്‍ മാത്രം ഉള്ള ഒരു സംഭവം ആണോ തൃശൂര്‍ പൂരം എന്ന് നിങ്ങള്‍ക്ക് തോന്ന്യാല്‍ തെറ്റില്ല .. ആലോചിച്ചു നോക്കിയാല്‍ ശരിയാണ്.. എല്ലാ വര്‍ഷത്തെ പോലെ വര്‍ഷവും സാമ്പിള്‍ വെടിക്കെട്ടുണ്ടായിരുന്നു.. പിന്നെ മേളം.. കുടമാറ്റം .. രാത്രി പൂരം.. വെടിക്കെട്ട്... പകല്‍ പൂരം.. പിന്നെ ചെറുപൂരങ്ങള്‍ വിട ചൊല്ലി പോകുമ്പോള്‍ ഉച്ചയ്ക്കത്തെ വെടിക്കെട്ടോടു കൂടി അവസാനം.. എന്താ ഇപ്പൊ ഇത്ര പ്രത്യേകത... എല്ലാ വര്‍ഷവും ഒരേ കാര്യം തന്ന്യല്ലേ കാണിക്കണേ..

എല്ലാം ശരി തന്നെ.. പക്ഷെ തൃശൂര്‍കാരോട് പൂരത്തിന്റെ പ്രത്യേകത ചോദിക്കരുത് .. അത് ഞങ്ങടെ നാടിന്റെ ഒരു ഹരാണ് ...

ചെറുപ്പത്തില്‍ അപ്പാപ്പന്‍ സാമ്പിള്‍ വെടിക്കെട്ട് കാണിക്കാന്‍ കൊണ്ടു പോവും.. അഞ്ചു മണിയാവുമ്പോഴേക്കും കുളിക്കാന്‍ പറഞ്ഞുള്ള വിളി തുടങ്ങും.. ഒരു ഏഴ് ഏഴരയ്ക്കാണ് സാമ്പിള്‍ വെടിക്കെട്ടിന്റെ തുടക്കം.. ആറ് മണിക്കേ പോയി നിക്കും.. എന്തിനാ ഇപ്പൊ ഇത്രേ നേരത്തെ പോണേ.. ഒരു ഏഴ് മണിയാവുമ്പോ എത്ത്യാ പോരെ എന്ന് ചോദിച്ചാ എന്താ പറയാ.. പോക്കും ഒരു രസം..

ചെറുപ്പത്തില്‍ ഒക്കെ വെടിക്കെട്ടെന്ന് പറഞ്ഞാ ജീവനാ.. പൂരംന്നു പറഞ്ഞാ വെടിക്കെട്ട് .. ആര്‍ക്കാ ഇപ്പൊ മേളോം പകല്‍ പൂരോം ഒക്കെ കാണണ്ടേ.. വെടിക്കെട്ട് കണ്ടാ സന്തോഷായി..

പക്ഷെ വലുതായപ്പോ എങ്ങനെയോ അതൊക്കെ ഇഷ്ട്ടായി തുടങ്ങി.. എങ്ങനെയോ ആന പ്രേമിയായി.. പിന്നെ മേളം എന്ന് വച്ചാ ജീവനായി.. ഇലഞ്ഞിതറ മേളോം മഠത്തില്‍ വരവും ഒക്കെ കേള്‍ക്കാന്‍ പൊരി വെയിലത്ത്‌ പോയി നിക്കും.. പിന്നെ ആനകള്‍ടെ ഒപ്പം ഇങ്ങനെ മേളം കേട്ട് ഇങ്ങനെ നടക്കും.. അപ്പൊ മനസ്സിന് ഒരു സുഖം തന്ന്യാ.. ഒരു സന്തോഷം..

ഉച്ചയ്ക്ക് ഊണിനു വീട്ടില്‍ എത്തും.. "ഡാ ദീപോ .. എന്തൂട്ടോക്യാട കണ്ടേ" എന്ന് അമ്മാമ്മ ചോദിക്കും.. അപ്പൊ ആനകളുടെ എണോം.. പിന്നെ പൂര പറമ്പിലെ കാഴ്ചകളും ഒക്കെ അമ്മാമ്മയെ പറഞ്ഞു കേള്‍പ്പിക്കും..

നാല് മണിയാവുമ്പോ കുടമാറ്റം കാണാന്‍ ചേട്ടന്റെ കൂടെ ഇറങ്ങും .. നടന്നായിരിക്കും പോവാ.. പൂര പറമ്പിലേക്ക്‌ വണ്ടി എടുക്കാന്‍ പറ്റില്യ.. അപ്പൊ പിന്നെ ഞാനും ചേട്ടനും നടക്കും.. അങ്ങനെ നടക്കുമ്പോ ഞാന്‍ എന്റെ പൊട്ടന്‍ കളി മുഴുവന്‍ പുറത്തെടുക്കും... വെറുതെ ഓരോ ഘോഷ്ടി ഒക്കെ കാണിച്ച് ചേട്ടനെ ചൊടിപ്പിക്കും.. എന്തിനാന്നു ചോദിച്ചാ.. അതും ഒരു രസം..

പിന്നെ ഭയങ്കര ധൃതി അഭിനയിക്കും.."ഡാ വേഗം ആവിട്ടാ ... വേഗം നടന്നില്ലെങ്കില്‍... ആന വരിമ്പഴ്യ്ക്കും എത്താന്‍ പറ്റില്ല്യാട്ടാ" എന്നൊക്കെ പറഞ്ഞു.. എന്താണ്ട് ഒരു പൂരം നടത്തിപ്പുകാരനെ പോലെ തന്നെ നടക്കും.. അവിടെ എത്തിയാല്‍ ജനകോടികളുടെ നടുവില്‍ വിയര്‍ത്തു കുളിച്ചു ഇടി കൊണ്ടു കുട മാറ്റത്തിനായി കാത്തു നിക്കും.. ആദ്യത്തെ കുട മാറുമ്പോള്‍.. ആര്‍ത്തു വിളിക്കും.. ഉത്സവ ലഹരിയില്‍... ആഹ്ലാദ തിമിര്‍പ്പില്‍..

പിന്നെ രാത്രി പൂരം.. രാത്രി പൂരം കാണാന്‍ നല്ല രസാ.. ഇങ്ങനെ കുറെ വിളക്കൊക്കെ കത്തിനില്‍ക്കുമ്പോ.. പഞ്ചവാദ്യ മേളത്തിനൊപ്പം ആനകള്‍ടെ ഒപ്പം നടക്കാ എന്ന് പറഞ്ഞാ.. അത് ഒരു അനുഭവം തന്ന്യാ.. രാത്രി പൂരം വടക്കുന്നാതനില്‍ അവസാനിക്കും.. തിടംബെടുത്ത ആന പന്തലില്‍ നില്ക്കും.. പിന്നെ കാത്തിരിപ്പാ .. വെടി കെട്ടിന് വേണ്ടി..

പത്രം ഒക്കെ കുറെ എടുക്കും.. പുലര്‍ച്ച നാല് മണി വരെ ആര്‍ക്കാ ഉറങ്ങാണ്ട് കാത്തിരിക്കാന്‍ പറ്റാ? അപ്പൊ പത്രം ഒക്കെ എടുത്തു റോഡില്‍ വിരിച്ച് ഒരു രണ്ടു മണിക്കൂര്‍ സുഖമായി ഉറങ്ങും..

ഡും .... ഡും... എന്ന് സൌണ്ട് കേക്കുമ്പോ ചാടി എണീക്കും..
ഉറങ്ങി കിടക്കണ എല്ലാരും എണീക്കും..

പിന്നെ പറമെക്കാവിന്റെയും തിരുവംബാടിയുടെയും വെടിക്കെട്ട്,.... കൂട്ട പോരിച്ചിലിന്റെ ലഹരിയില്‍ ആള്‍ക്കാര്‍ മതി മറന്നു ആര്‍പ്പു വിളിക്കും.. അപ്പൊ നമ്മളും അറിയാതെ അലറി വിളിക്കും.. നിര്‍വൃതി എന്നൊക്കെ പറയില്ലേ.. അത് തന്നെ..

പിന്നെ നേരം വെളുക്കും വരെ അമിട്ട് .. അത് പക്ഷെ മുഴുവന്‍ കാണാന്‍ നിക്കില്യ.. പകല്‍ പൂരംകാണണംന്നു ഉണ്ടെങ്കില്‍ കുറച്ചു നേരം ഉറങ്ങണ്ടേ..

കാലത്തു കഷ്ട്ടപെട്ട് എഴുന്നേക്കും .. പൂരം കഴിയാന്‍ പോവല്ലേ.. മാത്രല്ല ഉച്ചക്കൊരു ചെറിയ വെടിക്കെട്ട് കൂടെ ഉണ്ടാവും .. അന്നും കുറെ പൂര കാഴ്ചകള്‍ കാണാം.. അവസാനം അവസാനത്തെ കധിന പൊട്ടുമ്പോ ഒരു ദുഖാണ്.. കഴിഞ്ഞൂലോ പൂരം.. ഇനി ഒരു വര്‍ഷം കാത്തിരിക്കണ്ടേ ..
എന്നാലും പൂരം കൂടാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി മനസ്സിലുണ്ടാവും..ഒരു വര്‍ഷത്തേയ്ക്ക്..

---------------------------

ഇത്തവണ തൃശൂര്‍ പൂരം കാണാന്‍ കഴിഞ്ഞില്ല്യ.
കഴിഞ്ഞ ഏഴ് വര്‍ഷം മുടങ്ങാതെ കണ്ടിരുന്നതാ.. ഇത്തവണ പോയില്ല്യ... പോവാന്‍ സാധിച്ചില്ല്യാന്നു പറയണതാവും ശരി.

പൂരത്തിന് കുടമാറ്റം നടക്കണ സമയത്തു ഇവിടെ ഹൈദരാബാദില്‍ മൂടി കെട്ടിയ അന്തരീക്ഷം ആയിരുന്നു.. എന്റെ മനസ്സും അങ്ങനെയായിരുന്നു.. പൂരം കാണാന്‍ കഴിയാതെ.. പൂര കാഴ്ചകള്‍ കാണാന്‍ കഴിയാതെ.. കുടമാറ്റവും വെടിക്കെട്ടും രാത്രിപൂരവും കാണാന്‍ കഴിയാതെ.. ആരോടും മിണ്ടാന്‍ കഴിയാതെ.. ഹൈദരാബാദ്‌ നഗരത്തിന്റെ ഒരു കോണില്‍.. ഒറ്റയ്ക്ക്..

4 comments:

സപര്യ said...

ഓര്‍മ്മയിലെ പൂരക്കാഴ്ചകള്‍ നന്നായിട്ടുണ്ട് ട്ട്വോ.. സാരമില്ല മാഷേ.. അടുത്തകൊല്ലത്തെ പൂരം നമുക്ക് അടിച്ചു പൊളിക്കാം..

Bindhu Unny said...

നാലുവര്‍ഷം തൃശൂര് ജീവിച്ചിട്ടും പൂരത്തിന് പോയിട്ടില്ല. ഒരു വര്‍ഷം സാമ്പിള്‍ വെടിക്കെട്ടും എല്ലാ വര്‍ഷവും പൂരം പ്രദര്‍ശനവും മാത്രം കണ്ടു.
:-)

ചെലക്കാണ്ട് പോടാ said...

ലീവെടുത്ത് പോയി കാണേണ്ട സംഭവം തന്നെയാണ് ഇങ്ങടെ പൂരം അല്ല നമ്മുടെ പൂരം എന്ന് ഇപ്രാവശ്യം മനസ്സിലായി....

ഇനി സ്ഥിരമായിട്ട് ഈ ലീവെടുപ്പ് തുടങ്ങിയാലോ എന്നാണ് ആലോചന

The Layman said...

സപര്യ - അടുത്ത കൊല്ലത്തെ പൂരം ഇങ്ങു എത്തി പോയി മാഷേ... മനസ്സ് നിറയെ സന്തോഷം ആണ് ഇപ്പോ... അടുത്ത ശനിയാഴ്ച... മേളവും കുടമാറ്റവും വെടികെട്ടും ... ഞാന്‍ അടുത്ത ആഴ്ച തന്നെ വണ്ടി കയറും... പൂരം കാണാന്‍.. പൂര കാഴ്ചകള്‍ കാണാന്‍... ഹോ!

ബിന്ദു ചേച്ചി - പൂര പ്രദര്‍ശനം കാണുന്നത് ഒരു രസല്ലേ.. തിടമ്പും.. കുടകളും... ചമയവും... ആ ഉത്സവ ലഹരിയുടെ ആനന്ദം വേറെ എന്തില്‍ ഉണ്ട് ... ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം... പൂരം പൂരം :D

ചെലക്കാണ്ട് പോടാ - ലീവ് എടുത്തു മാഷും വരില്ലേ... ആ ജനകോടികളുടെ നടുവില്‍.. ആര്‍പ്പു വിളിക്കാന്‍ ത്രിശിവിപെരൂരിലോട്ടു വന്നെത്തില്ലേ :)