Tuesday, May 4, 2010

ചക്രവാളം ചുവന്നപ്പോള്‍

പാര്‍ക്കില്‍ ആ യുവതി ഒറ്റയ്ക്കായിരുന്നു ഇരുന്നത്. സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു. ഒരു ആറര മണിയായി കാണണം.

മേരി പാര്‍ക്കില്‍ പ്രവേശിച്ചയുടനെ നമ്മുടെ ഒറ്റയ്ക്കിരിക്കുന്ന നായികയെ കണ്ടു.

"എന്താ അന്നക്കുട്ടി ... ഒരു ഫിലോസൊഫിക്കല്‍  മൂഡില്‍ ആണെന്ന് തോന്നുന്നു? അസ്തമന സൂര്യനെ തന്നെ നോക്കി കൊണ്ടിരിക്കുകയാണല്ലോ? "

"അസ്തമിക്കുന്ന സൂര്യനെ നോക്കി ഇരിക്കുന്നത് എങ്ങനെ ഫിലോസൊഫിക്കല്‍  ആവും? "


"നിന്നോട് വാദിക്കാന്‍ ഞാനില്ല.. ആട്ടെ, പ്രശ്നങ്ങള്‍ ശരിയായോ? "

"ജീവിതത്തില്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല മേരികുട്ടി "

"ജീവിതത്തിന്റെ കാര്യം അവിടെ നിക്കട്ടെ.. അച്ഛന്‍ എന്ത് പറഞ്ഞു?"


ആ യുവതി ഒന്നും മിണ്ടിയില്ല. ചക്രവാളത്തിലെ ചുവപ്പ് ആ യുവതിയുടെ മുഖത്തും പടര്‍ന്നിരുന്നു. ദൈവികമായ ഒരു ചൈതന്യം അപ്പോള്‍ അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു.

"എത്ര മനോഹരമായിരിക്കുന്നു ഈ സന്ധ്യ..  സ്വര്‍ഗത്തിലും ഇത് പോലെ ആയിരിക്കുമോ?... ചുവന്ന ആകാശം.. മാലാഖമാര്‍ ചുറ്റും കൂടി നിന്ന് സങ്കീര്‍ത്തനങ്ങള്‍ പാടുന്നു... വിശുദ്ധന്മാരും വാഴ്ത്തപ്പെട്ടവരും ദൈവത്തെ നീണാള്‍ വാഴ്ത്തുന്നു... എങ്ങും സന്തോഷവും സ്നേഹവും മാത്രം..അലൌകികമായ സൌന്ദര്യം..  ഹോ എന്റെ ആത്മാവ് ആ അനന്തതയില്‍ നീന്തി തുടിക്കാന്‍ കൊതിക്കുന്നു!!"


"ദൈവമേ.. ഈ കൊച്ചിന്റെ കാര്യം... "


"മനുഷ്യര്‍ എന്തിനു മരണത്തെ ഭയക്കുന്നു? മരണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ അല്ലെ?"

"സ്വര്‍ഗത്തിലേക്കല്ല ... ഭ്രാന്താശുപ്പത്രിയിലേക്കുള്ള  വാതില്‍ ആണ്.. നിനക്കെന്തു പറ്റി അന്ന? നീ എന്തിനു ഇങ്ങനെ സംസാരിക്കുന്നു? "

"ഞാന്‍ സത്യം അല്ലെ പറയുന്നത്?... മരണത്തെ നമ്മള്‍ എന്തിനു ഭയക്കണം... ഈ ലോകത്തേക്കാള്‍ എത്ര സുന്ദരമാണ് ആ അനന്തത.. "


"നിനക്ക് ചിത്തഭ്രമം ആണ്.. നീ വീട്ടിലേക്കു വരൂ.. ഇന്ന് രാത്രി എന്റെ വീട്ടില്‍ ഉറങ്ങാം... നമുക്ക് ആ പഴയ കഥകള്‍ പറഞ്ഞു ചിരിക്കുകയും കരയുകയും ചെയ്യാം..  ഓര്‍മ്മകള്‍ അയവിറക്കി ഈ രാത്രി കഴിച്ചു കൂട്ടാം .. ഈ രാത്രി നമുക്കുള്ളതാണ്.... പ്രിയപ്പെട്ട അന്ന, നീ എന്റെ കൂടെ വരൂ... ഞാനും നീയും ഒന്നാണെന്ന് നീ അറിയുന്നില്ലേ? നീ എന്ത് കൊണ്ട് എന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ല? സ്നേഹത്തോടെ ഞാന്‍ വിളിക്കുമ്പോള്‍ നീ ഇങ്ങനെ വാശി പിടിക്കരുത്"

"വേണ്ട.. നീ പൊയ്ക്കോളൂ മേരി .. ഞാന്‍ ഇപ്പോള്‍ വരുന്നില്ല.. ഞാന്‍ ... ഞാന്‍.. ഈ അനന്ത സൌന്ദര്യത്തില്‍ ലയിച്ചു ചേരാന്‍ ആഗ്രഹിക്കുന്നു.. ഈ ലോകത്തിന്റെതായ ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍  എനിക്ക് താല്‍പ്പര്യം ഇല്ല "


"നിനക്ക് വട്ടാണ്.. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്... നീ വരുന്നുണ്ടോ.. നിന്റെ കിറുക്ക് കേട്ടിരിക്കാന്‍ എനിക്ക് വയ്യ!!.. നിന്നെ സ്നേഹിക്കുന്നവരെ നീ എന്തിനിങ്ങനെ വിഷമിപ്പിക്കുന്നു? അതെന്താ...അതെന്താ നിന്റെ കയ്യില്‍?? "


ആ യുവതി പെട്ടെന്ന് ഒന്ന് പരുങ്ങി. പിന്നെ വീണ്ടും സമനില വീണ്ടെടുത്ത്‌ മേരിയെ നോക്കി പുഞ്ചിരിച്ചു..

"ഒന്നും ഇല്ല... വിശന്നപ്പോള്‍ കഴിക്കാന്‍ വേടിച്ചതാണ് "

എന്തോ ഒന്ന് തീരുമാനിച്ച് ഉറപ്പിക്കും പോലെ മേരി അനങ്ങാതെ അവിടെ തന്നെ നിന്നു.
അവസാനം ഒരു ദീര്‍ഘ നിശ്വാസം വിട്ട് അവള്‍ ഇങ്ങനെ പറഞ്ഞു:
"നോക്കു അന്ന... നീ ഇങ്ങനെ സങ്കടപ്പെടരുത്.. ഇതെല്ലം നീ നിന്റെ വിഷമം കൊണ്ട് പറയുന്നതാണ്... യഥാര്‍ത്ഥത്തില്‍ നീ ജീവിക്കാന്‍ ആഗ്രഹിക്കുന്നു.. ഒരു പാട് ജീവിക്കാന്‍ ആഗ്രഹിക്കുന്നു.. സന്തോഷിച്ചും സ്നേഹിച്ചും ചിരിച്ചും ജീവിക്കാന്‍ നിനക്കിനിയും സാധിക്കും... നീ എന്റെ കൂടെ വരൂ.. നമുക്ക് നമ്മുടെ ജീവിതം സ്വര്‍ഗതുല്യമാക്കാം"

മ്ലാനത നിറഞ്ഞ ഒരു പുഞ്ചിരി ആ സുന്ദരിയായ യുവതിയുടെ ചുണ്ടുകളില്‍ വിരിഞ്ഞു.

"നിന്നെ ഞാന്‍ ഒരു പാട് ഇഷ്ട്ടപ്പെടുന്നു മേരി .. നീ നല്ലവളാണ്... അച്ഛനും അമ്മയ്ക്കും നീയായിരുന്നു  മകള്‍ ആകേണ്ടിയിരുന്നത്.  എങ്കിലും നീ പറഞ്ഞത് പോലെ ഒരു പാട് ജീവിക്കുവാനോ സന്തോഷിക്കുവാനോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല..  അങ്ങനെയൊക്കെ മോഹിക്കുന്നത് വ്യര്‍ത്തമാണ് .. ഈ ലോകത്തിലെ ഒരു സുഖത്തിനും ഇനി എന്നെ സന്തോഷിപ്പിക്കുവാന്‍ കഴിയില്ല.. കാരണം ഈ ലോകത്തിലെ സുഖങ്ങള്ലോ സന്തോഷങ്ങള്ലോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.. എന്തെങ്കിലും ആഗ്രഹിക്കുമ്പോള്ളല്ലേ അത് ലഭിക്കുമ്പോള്‍ നമുക്ക് സന്തോഷം തോന്നുന്നത്... എന്റെ മനസ്സില്‍ ആഗ്രഹങ്ങള്‍ തന്നെ ഇല്ലാതെയായിരിക്കുന്നു.. ഒരു തരത്തില്‍ ചിന്തിച്ചാല്‍ അത് ഭയാനകമായ ഒരവസ്ഥയാണ്.. പക്ഷെ വേറെ രീതിയില്‍ ചിന്തിച്ചാല്‍ അത് നമ്മളെ സ്വതന്ത്രമാക്കുന്ന ഒന്നാണ്.. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയാണ്.. ഇപ്പോള്‍ എന്റെ മനസ്സില്‍ ഈ അനന്തതയുടെ സൌന്ദര്യം മാത്രം..."

മേരി പിന്നെ ഒന്നും പറഞ്ഞില്ല. കുറച്ചു നേരം സുന്ദരിയായ  ആ യുവതിയെ തന്നെ നോക്കി നിന്നതിനു ശേഷം അവള്‍ അവിടെ നിന്നും ഒന്നും മിണ്ടാതെ പോയി.


മേരി നടന്നകലുന്നത് കണ്ടപ്പോള്‍ ആ യുവതിയുടെ കണ്ണില്‍ കണ്ണുനീര്‍  പൊടിഞ്ഞു. എങ്കിലും അവള്‍ ധിറുതിയില്‍ ഒരു തൂവാല എടുത്തു ആ കണ്ണീരൊപ്പിക്കളഞ്ഞു. അവളുടെ ആ പ്രവൃത്തി കണ്ടാല്‍ കണ്ണീര്‍ പൊടിഞ്ഞത് വലിയ ഒരു പാപമായി പോയി എന്ന് അവള്‍ക്കു തോന്നുന്നുണ്ട് എന്ന് നമ്മുക്ക് തോന്നി പോകും.    ആ യുവതി ഇമ മങ്ങാതെ ആ അസ്തമിക്കുന്ന സൂര്യനെ തന്നെ നോക്കി കൊണ്ടിരുന്നു. താന്‍ തന്നെയാണ് ആ സൂര്യന്‍ എന്നവള്‍ക്കപ്പോള്‍ തോന്നി. അപ്പോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു. ദൈവികമായ ഒരു അനുഭൂതിയാല്‍ നിയന്ത്രിതയായിരുന്നു അവള്‍..

പയ്യെ അവള്‍ അസ്തമിക്കുന്ന ആ സൂര്യന്റെ ദിശയിലേക്കു നടന്നു.

അപ്പോള്‍ ദൂരെ ചക്രവാളം ഇരുണ്ടു തുടങ്ങിയിരുന്നു.
കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ആന്‍മേരിയും ആ ഇരുളില്‍ അലിഞ്ഞു ചേര്‍ന്നു.

Sunday, April 18, 2010

കൊതിയും വിശപ്പും

ഞാന്‍ തട്ടുകടയില്‍ ഒരു ചിക്കന്‍ ഫ്രൈഡ് റൈസും ചിക്കന്‍ sixty five ഉം പാര്‍സല്‍ പറഞ്ഞു...
കുറച്ചു നേരം പിടിക്കും...

ന്ഹാ... എന്നാല്‍ ഒരു മൂസംബി ജൂസ് കുടിച്ചു കളയാം..

മനസ്സൊന്നു പിടഞ്ഞു... ചിക്കന്‍... ഫ്രൈഡ് റൈസ്...

"
ഭൈയ്യ .... ഷുഗര്‍ മത് ടാല്ന"

അത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാവാന്‍ പോണില്ല ... എന്നാല്ലും സ്വയം ഇങ്ങനെയെങ്കിലും പറ്റിച്ചില്ലെങ്കില്‍ സമാധാനത്തോടെ എങ്ങനെ കഴിക്കും?


മൂസംബി ജൂസ് റെഡി ആയി...ഐസ് ഇട്ട മൂസംബി...ഹോ .ഹൃദയവും മനസ്സും ശരീരവും ഒന്ന് തണുത്തു ...

പെട്ടെന്ന് ആരുടെയോ കൈ പുറത്തു സ്പര്‍ശിച്ചു... ഒരു പാവപ്പെട്ട സ്ത്രീ.. ഒരു അമ്മച്ചി കൂപ്പു കയ്യുമായി നില്‍ക്കുന്നു...

മനസ്സ് പെട്ടെന്ന് കലുഷിതമാ
യത് പോലെ

എന്ത് കൊണ്ടാണ് ഞാന്‍ അപ്സെറ്റ്
ആയത്?
ചിലര്‍ ചിക്കന്‍ ഫ്രൈഡ് റൈസും... ചിക്കന്‍ sixty five ഉം അതിന്റെ മുകളില്‍ മൂസംബി ജൂസും കുടിക്കുമ്പോള്‍ ചിലര്‍ക്ക് വിശപ്പടക്കാന്‍ പോലും ഭക്ഷണം ഇല്ലാത്ത ഈ ലോകത്തിന്റെ അനീതി കണ്ടിട്ടാണോ ഈ മാനസിക സംഘര്‍ഷം ?

അറിയില്ല..


ഞാന്‍ സ്വയം കുറെ കാരണങ്ങള്‍ പറഞ്ഞ് എന്നെ തന്നെ സമാധാനിപ്പിച്ചു..

"ഇതൊക്കെ കമ്പ്ലീറ്റ്‌ തട്ടിപ്പാണ്.. ഇവരൊക്കെ ഒരു രാക്കെറ്റ് ആയി പ്രവര്‍ത്തിക്കുന്നതാണ്..". ഞാന്‍ പൈസ തരില്ല എന്ന് വ്യക്തമാക്കുന്ന രീതിയില്‍ തലയാട്ടി. അത് കണ്ട് നിരാശയായി ആ അമ്മച്ചി പതുക്കെ പതുക്കെ നടന്നു നീങ്ങി...

"ഭൈയ്യ ... ബാക്കി തീന്‍ രുപ്പ്യ "


മൂസംബി കുടിച്ചതിന്റെ ബാക്കി..


ഇത് ആ സ്ത്രീക്ക് കൊടുത്തേക്കാം ... എന്തെങ്കിലും ആവട്ടെ...

ഓടി ചെന്ന് അവര്‍ക്ക് മൂന്നു രൂപ കൊടുത്തു... അവര്‍ ആ പൈസ രണ്ടു കണ്ണില്ലും മുട്ടിച്ചു എന്നെ നോക്കി നന്ദി പറഞ്ഞു.

അവരുടെ കണ്ണുകള്‍ കലങ്ങിയിരുന്നു... എന്നാലും അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.


ഒരു നിമിഷം എന്റെ ഹൃദയം ഒന്ന് പിടഞ്ഞു. കൈകള്‍ അറിയാതെ പോക്കെട്ടിലേക്ക്  പോയി.. പത്തു രൂപ കയ്യില്‍ തടഞ്ഞു.
ആ പത്തു രൂപ ഞാന്‍ ആ അമ്മച്ചിക്ക് കൊടുത്തു. അമ്മച്ചി പത്തു രൂപ നോട്ടിലും പിന്നെ എന്റെ മുഖത്തും നോക്കി..
പിന്നെ ഒന്നും മിണ്ടാതെ അവര്‍ പതുക്കെ പതുക്കെ നടന്നു നീങ്ങി...

ചിക്കന്‍ ഫ്രൈഡ് റൈസും ... ചിക്കന്‍ sixty five ഉം റെഡി ആയപ്പോഴേക്കും.. വിശപ്പ്‌ മാറിയിരുന്നു...


Friday, April 16, 2010

കണി കണ്ടോ ഉണ്ണി?

കണി കണ്ടോ ഉണ്ണി?

രാവിലെ ഉറക്കത്തില്‍ നിന്ന് എണീക്കാന്‍ മടി തോന്നിയോ ഉണ്ണിക്ക്?
ഉറക്ക ചടവില്‍ നിന്ന ഉണ്ണിയെ കണ്ണ് പൊത്തി കണി കാണിക്കാന്‍ കൊണ്ട് പോയോ മുത്തശി?

അത് കഴിഞ്ഞ് മുത്തശന്‍ വിഷു കൈനീട്ടം തന്നോ?
ഇത്തവണ ഉണ്ണിക്ക് കൈ നിറയെ വിഷു കൈനീട്ടം കിട്ടി കാണും അല്ലെ?

പക്ഷെ.. ഉണിക്ക് ഇപ്പോള്‍ പഴയ പോലെ ഉഷാറില്ല...

ഉണ്ണിക്ക് ഇപ്പോള്‍  ഇതൊക്കെ ഒരു കളി തമാശയാണ്... ഇതൊക്കെ അന്ത വിശ്വാസം ആണെന്നാണല്ലോ ഉണ്ണി എപ്പോഴും പറയാറ്...
പിന്നെ ഉണ്ണിക്ക് ജോലി കിട്ടിയപ്പോള്‍ വിഷു കൈനീട്ടം ഒന്നും വേണ്ടാതായി...

പണ്ട് മുത്തശന്‍ പത്തു രൂപ തന്നപ്പോള്‍... ഉണ്ണിയും ചേട്ടനും പോയി ചില്ലു മുട്ടായി വാങ്ങിച്ചത് ഓര്‍മ്മയുണ്ടോ?
ഉണ്ണിക്ക് ചില്ലു മുട്ടായി ഭയങ്കര ഇഷ്ട്ടായിരുന്നു.. അമ്മയ്ക്കും തന്നു ഉണ്ണി രണ്ടു ചില്ലു മുട്ടായി...

അന്ന് കുട്ടി നിക്കര്‍ ഇട്ടു... ഓടി കളിക്കുന്ന ഉണ്ണിയെ കാണാന്‍ നല്ല രസായിരുന്നു ...

ഉണ്ണിക്ക് ബോറടിക്കുന്നുണ്ടോ...
ഈ അമ്മയ്ക്ക് വേറെ ആരാ ഉണ്ണി വര്‍ത്തമാനം പറഞ്ഞിരിക്കാന്‍...
ഇന്നിപ്പോ അമ്മയ്ക്ക് കണി കാണിക്കാന്‍ ആരും ഇല്ല ഉണ്ണി...
അമ്മ ഇന്ന് കുറെ കരഞ്ഞു... ഉണ്ണിയും ചേട്ടനും ഉണ്ണീടെ അച്ഛനും ഒക്കെ കൂടെ ആഘോഷിച്ചിരുന്ന ആ പഴയ വിഷു കാലത്തേക്ക് പോകാന്‍ തോന്നുന്നു ഉണ്ണി...

ഈ അമ്മയ്ക്ക് ഒറ്റയ്ക്ക് മടുത്തു ഉണ്ണി..
അടുത്ത വിഷു ആകും മുമ്പ് അമ്മ ഉണ്ണീടെ അടുത്തേക്ക് വരും...

അടുത്ത വിഷുവിനു കണി കാണിക്കാന്‍ ഉണ്ണീടെ അമ്മ ഓടി വരും.

Thursday, May 14, 2009

പൂരകാഴ്ചകള്‍

ഇത്തവണ തൃശൂര്‍ പൂരം കാണാന്‍ കഴിഞ്ഞില്ല്യ.
കഴിഞ്ഞ ഏഴ് വര്‍ഷം മുടങ്ങാതെ കണ്ടിരുന്നതാ.. ഇത്തവണ പോയില്ല്യ... പോവാന്‍ സാധിച്ചില്ല്യാന്നു പറയണതാവും ശരി.

ലീവ് എടുത്തു പോവാന്‍ മാത്രം ഉള്ള ഒരു സംഭവം ആണോ തൃശൂര്‍ പൂരം എന്ന് നിങ്ങള്‍ക്ക് തോന്ന്യാല്‍ തെറ്റില്ല .. ആലോചിച്ചു നോക്കിയാല്‍ ശരിയാണ്.. എല്ലാ വര്‍ഷത്തെ പോലെ വര്‍ഷവും സാമ്പിള്‍ വെടിക്കെട്ടുണ്ടായിരുന്നു.. പിന്നെ മേളം.. കുടമാറ്റം .. രാത്രി പൂരം.. വെടിക്കെട്ട്... പകല്‍ പൂരം.. പിന്നെ ചെറുപൂരങ്ങള്‍ വിട ചൊല്ലി പോകുമ്പോള്‍ ഉച്ചയ്ക്കത്തെ വെടിക്കെട്ടോടു കൂടി അവസാനം.. എന്താ ഇപ്പൊ ഇത്ര പ്രത്യേകത... എല്ലാ വര്‍ഷവും ഒരേ കാര്യം തന്ന്യല്ലേ കാണിക്കണേ..

എല്ലാം ശരി തന്നെ.. പക്ഷെ തൃശൂര്‍കാരോട് പൂരത്തിന്റെ പ്രത്യേകത ചോദിക്കരുത് .. അത് ഞങ്ങടെ നാടിന്റെ ഒരു ഹരാണ് ...

ചെറുപ്പത്തില്‍ അപ്പാപ്പന്‍ സാമ്പിള്‍ വെടിക്കെട്ട് കാണിക്കാന്‍ കൊണ്ടു പോവും.. അഞ്ചു മണിയാവുമ്പോഴേക്കും കുളിക്കാന്‍ പറഞ്ഞുള്ള വിളി തുടങ്ങും.. ഒരു ഏഴ് ഏഴരയ്ക്കാണ് സാമ്പിള്‍ വെടിക്കെട്ടിന്റെ തുടക്കം.. ആറ് മണിക്കേ പോയി നിക്കും.. എന്തിനാ ഇപ്പൊ ഇത്രേ നേരത്തെ പോണേ.. ഒരു ഏഴ് മണിയാവുമ്പോ എത്ത്യാ പോരെ എന്ന് ചോദിച്ചാ എന്താ പറയാ.. പോക്കും ഒരു രസം..

ചെറുപ്പത്തില്‍ ഒക്കെ വെടിക്കെട്ടെന്ന് പറഞ്ഞാ ജീവനാ.. പൂരംന്നു പറഞ്ഞാ വെടിക്കെട്ട് .. ആര്‍ക്കാ ഇപ്പൊ മേളോം പകല്‍ പൂരോം ഒക്കെ കാണണ്ടേ.. വെടിക്കെട്ട് കണ്ടാ സന്തോഷായി..

പക്ഷെ വലുതായപ്പോ എങ്ങനെയോ അതൊക്കെ ഇഷ്ട്ടായി തുടങ്ങി.. എങ്ങനെയോ ആന പ്രേമിയായി.. പിന്നെ മേളം എന്ന് വച്ചാ ജീവനായി.. ഇലഞ്ഞിതറ മേളോം മഠത്തില്‍ വരവും ഒക്കെ കേള്‍ക്കാന്‍ പൊരി വെയിലത്ത്‌ പോയി നിക്കും.. പിന്നെ ആനകള്‍ടെ ഒപ്പം ഇങ്ങനെ മേളം കേട്ട് ഇങ്ങനെ നടക്കും.. അപ്പൊ മനസ്സിന് ഒരു സുഖം തന്ന്യാ.. ഒരു സന്തോഷം..

ഉച്ചയ്ക്ക് ഊണിനു വീട്ടില്‍ എത്തും.. "ഡാ ദീപോ .. എന്തൂട്ടോക്യാട കണ്ടേ" എന്ന് അമ്മാമ്മ ചോദിക്കും.. അപ്പൊ ആനകളുടെ എണോം.. പിന്നെ പൂര പറമ്പിലെ കാഴ്ചകളും ഒക്കെ അമ്മാമ്മയെ പറഞ്ഞു കേള്‍പ്പിക്കും..

നാല് മണിയാവുമ്പോ കുടമാറ്റം കാണാന്‍ ചേട്ടന്റെ കൂടെ ഇറങ്ങും .. നടന്നായിരിക്കും പോവാ.. പൂര പറമ്പിലേക്ക്‌ വണ്ടി എടുക്കാന്‍ പറ്റില്യ.. അപ്പൊ പിന്നെ ഞാനും ചേട്ടനും നടക്കും.. അങ്ങനെ നടക്കുമ്പോ ഞാന്‍ എന്റെ പൊട്ടന്‍ കളി മുഴുവന്‍ പുറത്തെടുക്കും... വെറുതെ ഓരോ ഘോഷ്ടി ഒക്കെ കാണിച്ച് ചേട്ടനെ ചൊടിപ്പിക്കും.. എന്തിനാന്നു ചോദിച്ചാ.. അതും ഒരു രസം..

പിന്നെ ഭയങ്കര ധൃതി അഭിനയിക്കും.."ഡാ വേഗം ആവിട്ടാ ... വേഗം നടന്നില്ലെങ്കില്‍... ആന വരിമ്പഴ്യ്ക്കും എത്താന്‍ പറ്റില്ല്യാട്ടാ" എന്നൊക്കെ പറഞ്ഞു.. എന്താണ്ട് ഒരു പൂരം നടത്തിപ്പുകാരനെ പോലെ തന്നെ നടക്കും.. അവിടെ എത്തിയാല്‍ ജനകോടികളുടെ നടുവില്‍ വിയര്‍ത്തു കുളിച്ചു ഇടി കൊണ്ടു കുട മാറ്റത്തിനായി കാത്തു നിക്കും.. ആദ്യത്തെ കുട മാറുമ്പോള്‍.. ആര്‍ത്തു വിളിക്കും.. ഉത്സവ ലഹരിയില്‍... ആഹ്ലാദ തിമിര്‍പ്പില്‍..

പിന്നെ രാത്രി പൂരം.. രാത്രി പൂരം കാണാന്‍ നല്ല രസാ.. ഇങ്ങനെ കുറെ വിളക്കൊക്കെ കത്തിനില്‍ക്കുമ്പോ.. പഞ്ചവാദ്യ മേളത്തിനൊപ്പം ആനകള്‍ടെ ഒപ്പം നടക്കാ എന്ന് പറഞ്ഞാ.. അത് ഒരു അനുഭവം തന്ന്യാ.. രാത്രി പൂരം വടക്കുന്നാതനില്‍ അവസാനിക്കും.. തിടംബെടുത്ത ആന പന്തലില്‍ നില്ക്കും.. പിന്നെ കാത്തിരിപ്പാ .. വെടി കെട്ടിന് വേണ്ടി..

പത്രം ഒക്കെ കുറെ എടുക്കും.. പുലര്‍ച്ച നാല് മണി വരെ ആര്‍ക്കാ ഉറങ്ങാണ്ട് കാത്തിരിക്കാന്‍ പറ്റാ? അപ്പൊ പത്രം ഒക്കെ എടുത്തു റോഡില്‍ വിരിച്ച് ഒരു രണ്ടു മണിക്കൂര്‍ സുഖമായി ഉറങ്ങും..

ഡും .... ഡും... എന്ന് സൌണ്ട് കേക്കുമ്പോ ചാടി എണീക്കും..
ഉറങ്ങി കിടക്കണ എല്ലാരും എണീക്കും..

പിന്നെ പറമെക്കാവിന്റെയും തിരുവംബാടിയുടെയും വെടിക്കെട്ട്,.... കൂട്ട പോരിച്ചിലിന്റെ ലഹരിയില്‍ ആള്‍ക്കാര്‍ മതി മറന്നു ആര്‍പ്പു വിളിക്കും.. അപ്പൊ നമ്മളും അറിയാതെ അലറി വിളിക്കും.. നിര്‍വൃതി എന്നൊക്കെ പറയില്ലേ.. അത് തന്നെ..

പിന്നെ നേരം വെളുക്കും വരെ അമിട്ട് .. അത് പക്ഷെ മുഴുവന്‍ കാണാന്‍ നിക്കില്യ.. പകല്‍ പൂരംകാണണംന്നു ഉണ്ടെങ്കില്‍ കുറച്ചു നേരം ഉറങ്ങണ്ടേ..

കാലത്തു കഷ്ട്ടപെട്ട് എഴുന്നേക്കും .. പൂരം കഴിയാന്‍ പോവല്ലേ.. മാത്രല്ല ഉച്ചക്കൊരു ചെറിയ വെടിക്കെട്ട് കൂടെ ഉണ്ടാവും .. അന്നും കുറെ പൂര കാഴ്ചകള്‍ കാണാം.. അവസാനം അവസാനത്തെ കധിന പൊട്ടുമ്പോ ഒരു ദുഖാണ്.. കഴിഞ്ഞൂലോ പൂരം.. ഇനി ഒരു വര്‍ഷം കാത്തിരിക്കണ്ടേ ..
എന്നാലും പൂരം കൂടാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി മനസ്സിലുണ്ടാവും..ഒരു വര്‍ഷത്തേയ്ക്ക്..

---------------------------

ഇത്തവണ തൃശൂര്‍ പൂരം കാണാന്‍ കഴിഞ്ഞില്ല്യ.
കഴിഞ്ഞ ഏഴ് വര്‍ഷം മുടങ്ങാതെ കണ്ടിരുന്നതാ.. ഇത്തവണ പോയില്ല്യ... പോവാന്‍ സാധിച്ചില്ല്യാന്നു പറയണതാവും ശരി.

പൂരത്തിന് കുടമാറ്റം നടക്കണ സമയത്തു ഇവിടെ ഹൈദരാബാദില്‍ മൂടി കെട്ടിയ അന്തരീക്ഷം ആയിരുന്നു.. എന്റെ മനസ്സും അങ്ങനെയായിരുന്നു.. പൂരം കാണാന്‍ കഴിയാതെ.. പൂര കാഴ്ചകള്‍ കാണാന്‍ കഴിയാതെ.. കുടമാറ്റവും വെടിക്കെട്ടും രാത്രിപൂരവും കാണാന്‍ കഴിയാതെ.. ആരോടും മിണ്ടാന്‍ കഴിയാതെ.. ഹൈദരാബാദ്‌ നഗരത്തിന്റെ ഒരു കോണില്‍.. ഒറ്റയ്ക്ക്..

Thursday, November 13, 2008

സന്ധ്യ

വൈകുന്നേരങ്ങള്‍ എനിക്ക് പണ്ടേ ഇഷ്ട്ടമാണ്...
ഇംഗ്ലീഷില്‍ 'ഡസ്ക് ' എന്ന് പറയും..

ഡസ്ക് ആവാന്‍ നിക്കണ്ട... വെയില്‍ മങ്ങി തുടങ്ങുന്നത് മുതല്‍... ഇരുട്ട് പരക്കുന്നത് വരെയുള്ള സമയം...
ആ സമയത്തിന് എന്തോ ഒരു വശ്യത ഉണ്ട്.... പ്രഭാതം പ്രതീക്ഷകളുടെ സമയമാണെങ്കില്‍ സന്ധ്യ നിരാശകളുടെയും , പൊലിഞ്ഞു പോയ സ്വപ്നങ്ങളുടെയും സമയമാണ്..
സാകിയുടെ "ഡസ്ക്" എന്ന കഥയില്‍ പറയുന്ന പോലെ "Dusk, to his mind, was the hour of defeated. "

എന്റെ അനുഭവങ്ങള്‍ ഇത്തിരി വ്യത്യസ്തമാണ്...
ചെറുപ്പത്തില്‍ വൈകുന്നേരങ്ങള്‍ കളിക്കാനുള്ള സമയമായിരുന്നു... കുറെ നേരം കളിച്ചു കഴിയുമ്പോള്‍ ഞാനും ചേട്ടനും ഉമ്ര പടിയില്‍ ചെന്നിരിക്കും... വീടിനു തൊട്ടു മുന്‍പിലാണ് റോഡ്.. അവിടെ ഇരുന്നിട്ട് ഇടതു നിന്നും വലതു നിന്നും വരുന്ന വണ്ടികളുടെ എണ്ണം നോക്കും... ഇടതു നിന്നു വരുന്ന വണ്ടികളുടെ എണ്ണം കൂടുതലാണെങ്കില്‍ ഞാന്‍ ജയിച്ചു.. ഇല്ലെങ്കില്‍ ചേട്ടന്‍ ജയിച്ചു... സിമ്പിള്‍ ..

കുറെ നേരം കളിക്കുമ്പോഴേക്കും ഇരുട്ടും.. വീട്ടിനകത്ത് നിന്നും അമ്മാമ്മയും മമ്മിയും കുളിക്കാന്‍ പറഞ്ഞു മുറവിളി തുടങ്ങിയിട്ടുണ്ടാകും... എന്നാലും സന്ധ്യ നേരങ്ങളില്‍ ചുവപ്പ് നിറമുള്ള ആകാശം നോക്കിയിരുന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു...

ചെറുപ്പ കാലത്തു സന്ധ്യക്ക്‌ ഒരേ ഒരു അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ ... കളിക്കാനുള്ള സമയം..
എന്നാല്ലും കുറച്ചു കൂടെ വലുതായപ്പോള്‍.. സന്ധ്യക്ക്‌ വേറെ എന്തൊക്കെയോ അര്‍ഥങ്ങള്‍ വന്നു ...സന്ധ്യാ സമയം എന്ത് കൊണ്ടോക്കെയോ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി...

പകലിന്റെ പ്രാരാബ്തങ്ങള്‍ക്കും രാത്രിയുടെ ദുഖങ്ങള്‍ക്കും ഇടയില്‍ വരുന്ന സമയമായതു കൊണ്ടായിരുന്നോ അത്?? അറിയില്ല..

വൈകുന്നേരം ഇരുട്ടി തുടങ്ങുമ്പോള്‍ കാക്കകള്‍ കരയാന്‍ തുടങ്ങും... എങ്ങോട്ടെന്നില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പറക്കും.. അവര്‍ എന്തിനായിരിക്കും കരഞ്ഞിരുന്നത്?

ഇവിടെ ഹൈദ്രബാദില്‍ വൈകുന്നേരം കാക്കകള്‍ കല പില കൂട്ടാറില്ല.. എന്നാലും സന്ധ്യ നേരത്തിന്റെ വശ്യത നഗരത്തിനുമുണ്ട് ... ഒരിക്കല്‍ വൈകുന്നേരം ചാര്‍മിനാര്‍ കാണാന്‍ പോയി... ചാര്‍മിനാറിന്റെ മുകളില്‍ കയറിയാല്‍ ഓള്‍ഡ് ഹൈദരാബാദ് മുഴുവന്‍ കാണാം...
അവിടെ നിന്നു സൂര്യാസ്തമയം കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്... ഓറഞ്ച് നിറത്തില്‍ സൂര്യന്‍...
ചുവന്ന ആകാശം.. താഴെ മനുഷ്യരുടെയും വാഹനങ്ങളുടെയും ശബ്ദങ്ങള്‍...
ബഷീര്‍ പറഞ്ഞ പോലെ "എല്ലാറ്റിന്റെയും ശബ്ദങ്ങള്‍ "...

ലോകത്തിന്റെ ദുഖവുമായി സൂര്യാസ്തമയം ...
പിന്നെ ഉത്തരമില്ലാത്ത രാത്രിയുടെ ഇരുട്ട്....
പിന്നെ പ്രതീക്ഷകളുടെ പുത്തന്‍ പ്രഭാതവുമായി വീണ്ടും ഒരു സൂര്യോദയം..

എന്ത് കൊണ്ടു ഞാന്‍ സന്ധ്യയെ സ്നേഹിക്കുന്നു?
അതോ ദസ്തയെവസ്കി പറഞ്ഞ പോലെ ഞാന്‍ ദുഃഖങ്ങളെ ആണോ സ്നേഹിക്കുന്നത്?

അതോ ഇതെല്ലാം ഓരോ നേരമ്പോക്കാണോ??
അറിയില്ല...

Monday, October 6, 2008

എന്റെ അമ്മാമ്മ

ചെറുപ്പം മുതലേ അമ്മാമ്മയ്ക്ക്‌ എന്നെയായിരുന്നു കൂടുതല്‍ ഇഷ്ട്ടം...
ചേട്ടന്‍ വികൃതിയും...പിന്നെ നല്ല കുറുംബനും ആയിരുന്നു.. മുടി പിടിച്ചു വലിക്കുക... വാശി പിടിക്കുക... ഇതെല്ലാം ചേട്ടന്റെ സ്ഥിരം നമ്പറുകള്‍..

ഞാന്‍ എന്ത് കൊണ്ടോ ഒരു നല്ല കുട്ടിയായിരുന്നു...
"
ചെറുപ്പത്തിലേ നിനക്കു ആള്‍ക്കാരെ സുഖിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാ " എന്ന് മമ്മി എപ്പഴും പറയും...
ആ ... പിന്നെ പിശാചാകും... വിശക്കുമ്പോ... അത് പക്ഷേ ദിവസത്തില്‍ മൂന്നു നേരം മാത്രം..
ബാക്കി സമയം മാലാഖ കുട്ടി...

വല്ലുതായപ്പോഴും എന്തെങ്കിലും ആവശ്യം വന്നാല്‍ അമ്മാമ്മ എന്നെയാണ് വിളിക്കാറ്...
കുടുംബ സമ്മേളനത്തിന് കൂട്ട് പോകാനായാലും ... ഭക്തി ഗാനങ്ങള്‍ പാടി കേള്‍പ്പിക്കാനായാലും ഞാന്‍ തന്നെയാണ് അമ്മാമ്മയുടെ സ്ഥിരം ശരണം..

ഞാന്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അമ്മാമ്മക്ക് വയറ്റില്‍ ഒരു ചെറിയ പ്രശ്നം വന്നത്... എപ്പോഴത്തെയും പോലെ ഹോസ്പിറ്റലില്‍ പോകാനും ഞാന്‍ തന്നെയായിരുന്നു കൂട്ട്..
അമ്മാമ്മ നടക്കുന്നത് വളരെ മെല്ലെ ആയിരുന്നതിനാല്‍.. അമ്മാമ്മയോട് ഒരു സ്ഥലത്തു ഇരിക്കാന്‍ പറഞ്ഞ് എല്ലാ കാര്യങ്ങളും ഞാന്‍ ഓടി നടന്നു ചെയ്യുമായിരുന്നു...
എനിക്കും അതായിരുന്നു സൌകര്യം... വേഗം കഴിഞ്ഞാല്‍ വേഗം വീട്ടില്‍ പോകാമല്ലോ..

പക്ഷേ പില്‍ക്കാലത്ത്‌ സംഭവം അമ്മാമ്മ ഒരു പാടു പേരോട് വല്ല്യ കാര്യമായി പറഞ്ഞു..
"
ദീപു..എനിക്കിലാതെ പോയ മോളെ പോലെയാ... അവന്‍ എന്നെ ഒരു സ്ഥലത്തിരുത്തി എല്ലാ കാര്യങ്ങളും വേണ്ട പോലെ നോക്കീം കണ്ടും ചെയ്തു..."
അത് കേള്‍ക്കുമ്പോള്‍ ബാക്കി അമ്മാമ്മമാര്‍ (അമ്മാമ്മയുടെ കൂട്ടുകാരികള്‍) എന്നെ നോക്കി ചിരിക്കും.. എന്നിട്ട് സ്നേഹത്തോടെ എന്തെങ്കിലും ഒക്കെ പറയും...

അമ്മാമ്മക്കുണ്ടായ പ്രശ്നം പിന്നീട് കാന്‍സര്‍ ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു..
വൈകാതെ അമ്മാമ്മ കിടപ്പിലായി..

അമ്മാമ്മക്ക് കാന്‍സര്‍ ആണെന്ന് അമ്മാമ്മയോട് ഞങ്ങള്‍ പറഞ്ഞില്ല ... അത് കൊണ്ടു തന്നെ തുടക്കത്തില്‍ അമ്മാമ്മ വളരെ ഹാപ്പി ആയിരുന്നു...
അമ്മാമ്മ എന്നെ അടുത്തിരുത്തി ഓരോ പാട്ടുകള്‍ പാടിക്കും..
ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്.. 'പാപികളെ തേടി വന്ന.. ' എന്ന പാട്ടായിരുന്നു..
ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അമ്മാമ്മ എനിക്ക് പഠിപ്പിച്ചു തന്ന പാട്ട്..

വൈകാതെ അമ്മാമ്മക്ക് കുറേശെ മനസ്സിലായി തുടങ്ങി...
കാരണം... രോഗം വിട്ടു പോകാതെ പിടി കൂടിയിരുന്നു...
മാത്രമല്ല.. അമ്മാമ്മയെ സന്ദര്‍ശിക്കാന്‍ ദൂരെ നിന്നു വരെ ആള്‍ക്കാര്‍ വന്നു തുടങ്ങിയിരുന്നു...
മിക്കവാറും ദിവസങ്ങളില്‍ വൈകുന്നേരം ഞാന്‍ അമ്മാമ്മയുടെ വീട്ടില്‍ അമ്മാമ്മയ്ക്ക്‌ പാട്ട് പാടി കേള്‍പ്പിക്കാന്‍ പോകുമായിരുന്നു..


അങ്ങനെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ വന്നെത്തി..
എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിനു തലേ ദിവസം വൈകുന്നേരം ഞാന്‍ തറവാട്ടില്‍ പോയി...
അവിടെ അപ്പോള്‍ ഹോം നേഴ്സും..പിന്നെ അയല്‍ വീട്ടിലെ ഒരു ചേച്ചിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ..
അമ്മാമ്മ കിടന്ന മുറിയില്‍ മെഴുകുതിരിയുടെ ഒരു ചെറിയ വെട്ടം മാത്രം...

ഞാന്‍ അമ്മാമ്മയുടെ അടുത്തിരുന്നു.. അമ്മാമ്മ കണ്ണടച്ച് കിടക്കുകയായിരുന്നു...
അപ്പോള്‍ ചേച്ചി പറഞ്ഞു.."അമ്മാമ്മയെ കാണാന്‍ ആരാ വന്നിരിക്കുന്നേന്നു നോക്കിയേ .."
അമ്മാമ്മ പതുക്കെ കണ്ണുകള്‍ തുറന്നു..
വളരെ ആയാസപെട്ടു എന്നെ നോക്കി പുഞ്ചിരിച്ചു... പുന്ജിരിക്കുമ്പോള്‍ അമ്മാമ്മയുടെ കണ്ണില്‍ നിന്നു കണ്ണ് നീര്‍ വരുന്നുണ്ടായിരുന്നു...

"
അമ്മാമ്മയ്ക്ക്‌ ഞാന്‍ ഏത് പാട്ടാ പാടി കേള്‍പ്പിക്കേണ്ടെ? "
അമ്മാമ്മ ആയാസപെട്ടു 'മല്പ്രിയനേ' എന്ന് പറഞ്ഞു..

ഞാന്‍ പാടി തുടങ്ങി...

"
മല്പ്രിയനെ എന്‍ യേശു നായകനെ...
എപ്പോള്‍ വരും...
എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍..
അങ്ങയെ ആശ്ലെഷിപ്പാന്‍...
എന്‍ യേശുവേ വാന മേഖേ വേഗം ..
വന്നീടനെ "

പാടുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും...കണ്ണീര്‍ വരുന്നുണ്ടായിരുന്നു..
എങ്കിലും അരണ്ട വെളിച്ചത്തില്‍ അതാരും കണ്ട് കാണില്ല ..
-------------------------------------------------------------------------------------------------

രണ്ടാമത്തെ പരീക്ഷയ്ക്ക് രണ്ടു ദിവസം ബാക്കി ഉള്ളപ്പോഴാണ് കസിന്‍ ഫോണ്‍ ചെയ്യുന്നത്.. അതി രാവിലെ തന്നെ പുറപ്പെട്ടു ...
തറവാട്ടില്‍ എത്തിയപ്പോഴേക്കും വീട് നിറച്ച് ആള്‍ക്കാരായിരുന്നു...
ഞാന്‍ അമ്മാമ്മയെ നോക്കി..
വെള്ള പുതപ്പിട്ട് ശാന്തമായി ഉറങ്ങുന്നു...

അമ്മാമ്മയ്ക്ക്‌ അവസാനം പാടി കേള്‍പ്പിച്ച വരികള്‍ എന്റെ മനസ്സിലേയ്ക്ക് ഓടി വന്നു..

"
മല്പ്രിയനെ എന്‍ യേശു നായകനെ...
എപ്പോള്‍ വരും...
എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍..
അങ്ങയെ ആശ്ലെഷിപ്പാന്‍...
എന്‍ യേശുവേ വാന മേഖേ വേഗം ..
വന്നീടനെ"

Friday, September 26, 2008

ഒരു ഓണക്കാലം

ദീപുട്ടോ ..പോകാറായി ലെ.." അപ്പാപ്പന്‍ ആയിരുന്നു .. ഞാന്‍ ഒന്നു ചിരിച്ചു.. ചിരിക്കുന്ന മുഖവുമായി വേണം പോകാന്‍ .. അത് നേരത്തേ തീരുമാനിച്ചതാണ് ..
'മൊബൈല് എടുക്കണം... മൊബൈല്‍ മറന്നാല്‍ പിന്നെ പറയണ്ട.. '..
മൊബൈല്‍ കട്ടില്ലില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു.. ഞാന്‍ മൊബൈല്‍ എടുത്തു .. മൊബയിലില്‍ ഓണത്തിനെടുത്ത ഫോട്ടോസ് ഡിസ് പ്ലേയില്‍ കിടക്കുന്നുണ്ടായിരുന്നു..
-------------------------------------------------------------------------------------------------
"ഡാ ദീപു .. പെണ്ണുങ്ങള്‍ വന്നു തുടങ്ങിയോന്നു ഒന്നു നോക്കീട്ട് വാടാ..."
"പള്ളീ ചെന്നു പറഞ്ഞാ മതി,... ഞാന്‍ നോക്കി തിരിച്ചു വരുമ്പോഴേക്കും തെയ്യം തുടങ്ങും.. മമ്മിക്ക് ഈ ലേറ്റ് ആവണ സൂക്കേട് എപ്പഴും ഉള്ളതാ..."
"ഒന്നു നോക്കീട്ട് വാടാ.."
"ഉം.. നോക്കട്ടെ ....പറ്റിയാല്‍ തിരിച്ചു വരും.... ഇല്ലെങ്കില്‍ മമ്മി പന്തല്ലിലോട്ടു വന്നാ മതി .."
ഞാന്‍ പന്തലിലേക്ക് നടന്നു... ദൂരെ നിന്നു തെയ്യത്തിന്റെ പാട്ടു കേള്‍ക്കാമായിരുന്നു...
-------------------------------------------------------------------------------------------------
"ഡാ... നിനക്ക് രാത്രീലെ ഭക്ഷണം വേണോ..."..ചേട്ടനായിരുന്നു..
"വേണ്ട..."
"ബീഫും... ചോറും ..??"..
ഞാന്‍ ചിരിച്ചു...
"വേണ്ടടാ ..ഇന്നു രാത്രി അധികം വിശക്കില്ല .."
"ശരി..."
ഞാന്‍ പെയ്കിന്ഗ് തുടര്‍ന്നൂ..
-------------------------------------------------------------------------------------------------
"ഡാ... തെക്കുമുറി ദേശക്കാരുടെ കുമ്മാട്ടി ഇന്നു ഉച്ചക്കാ.. നീ ഒന്നരയാവുമ്പോ...ചെമ്പൂക്കാവ് വാ..നമ്മുക്ക് ഒരുമിച്ചു പോവാം .."
"ഡാ ശവി.. നിനക്കെന്റെ വീട്ടീ വന്നിട്ട് പോയാ പോരെ.."
"ഉം ...നോക്കട്ടെ...എന്തായാലും.. ഒന്നരയാവുമ്പോ നീ ഡ്രസ്സ് മാറി നില്‍ക്ക്.. ഞാന്‍ വരാം ..."
"ശരി... "

-------------------------------------------------------------------------------------------------
"അപ്പു. .. എന്താ മമ്മി ഇനി ചെയ്യണ്ടേ... ഡ്രസ്സ് ഒക്കെ നിന്റെ ബാഗിന്റെ അടുത്ത് കൊണ്ടു വെച്ചിട്ടുണ്ട് .. മമ്മി ഭക്ഷണം ശരിയാക്കട്ടെ??"
"വേണ്ട മമ്മി... എനിക്ക് ആ അട പ്രഥമന്‍ ഒരു ഗ്ലാസ് തന്നാ മതി..."
"എന്തെങ്കിലും കഴിച്ചോഡാ ..ട്രെയിനില്‍ ഇരിക്കുമ്പോ വിശക്കും..."
"വിശക്കുമ്പോ എന്തെങ്കിലും വേടിച്ചു കഴിച്ചോളാം മമ്മി.."
"ശരി.. നീ ഡ്രസ്സ് മാറി വാ..ഞാന്‍ ശരിയാക്കി വെക്കാം..."

-------------------------------------------------------------------------------------------------
"ഹൊ കംസനു ഗൌരവം ഇത്തിരി കൂടി പോയി.. ഇവരെന്താ സ്ത്രീകളെ മാത്രം ഫ്ലോട്ടില്‍ നിര്‍താത്തെ.. ആണുങ്ങള്‍ നില്‍ക്കുന്നുണ്ടല്ലോ.."


"ഡാ ആ പെണ്ണിന്റെ പ്രതിമയില്‍ ഇട്ടിരിക്കുന്ന വേഷം നോക്ക്..ഇത്രയും ആള്‍ക്കാരുടെ മുന്‍പില്‍ ഏതെങ്കിലും പെണ്ണ് അങ്ങനെ ഡ്രസ്സ് ഇട്ടു നില്‍ക്കോ??"


"പണ്ട് കാലത്തെ പെണ്ണുങ്ങള്‍ ഇട്ടിരുന്നല്ലോ.. അത് കൊണ്ടാണല്ലോ പ്രതിമയ്ക്ക് ആ വേഷം.."
"ഹ ഹ.. ഇന്നത്തെ കാലത്ത് പണ്ടത്തെ വേഷമിട്ടാല്‍ കുന്തിയെ പോലെ ആയി പോകും ..അതാ നാട്ടാരുടെ സ്വഭാവം.."
"ഉം... അതും സത്യം.."
----------------------------------------------------------------------------------------------------


"ഡാ.. ഡാഡി സ്റ്റേഷനില്‍ കാത്തു നില്‍ക്കണോ.. "
"ഡാഡിടെ ഇഷ്ട്ടം.."
"നീ പറഞ്ഞോ... എനിക്ക് വേറെ പണി ഒന്നൂല്യ "
"എന്നാ വണ്ടി വരണ വരെ ഡാഡിയും കൂട്ട് നില്‍ക്ക്.."


ഡാഡി ചിരിച്ചു..


-------------------------------------------------------------------------------------------------


"ഇനി എന്നാടാ നാട്ടീ വരാ.."
"പെരുന്നാളിന്.. അതെന്തായാലും മിസ് ചെയ്യില്ല... ഓണം അടിപൊളിയായി അല്ലെ.. തോല്പാവ കൂത്തും... തെയ്യും.. കുംമാട്ടീം.. പോവാന്‍ തോന്നിണില്യ.."


"നീ പോയിട്ട് വാ.. പെരുന്നാളും ..ക്രിസ്ത്മസും നമുക്കു പൊളിക്കാം.. പോരെ..."
"ഉം.. ഇനി മൂന്നു മാസം.. ഓര്‍മ്മകള്‍ മാത്രം കൂട്ട്... ഡാ പറ്റിയെങ്കില്‍ അങ്ങോട്ട് വാ ട്ടോ......"
"നോക്കട്ടെ.."


കുംമാട്ടിയുടെ രൌദ്ര ഭാവവും , ശിന്കാരി മേളത്തിന്റെ ചടുല താളവും.. സൂര്യാസ്തമയത്തിനു ഒരു പ്രത്യേക ഈണം നല്‍കിയിരുന്നു...
ആ ഈണത്തില്‍ ലയിച്ചു ഞാനും ജെയിംസും കുംമാട്ടിയുടെ ഒപ്പം നടന്നു നീങ്ങി..
-------------------------------------------------------------------------------------------------


"ദാ ...ട്രെയിന്‍ വന്നു..."
"അപ്പൊ പോട്ടെ ഡാഡി... ഇനി പെരുനാളിനു കാണാം.."
"നീ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മറക്കണ്ട... ഇരുപത്തിയെഴാന്തീതി ട്ടാ...മറക്കണ്ട.."
"ഇല്യ..."


വണ്ടി നീങ്ങി തുടങ്ങിയിരുന്നു...
അസ്തമിച്ച സൂര്യന്റെ രശ്മികള്‍ ഡാഡിയുടെ മുഖം പ്രകാശഭരിതമാക്കിയ പോലെ തോന്നി..


ട്രെയിന്‍ സ്പീഡ് കൂട്ടികൊണ്ടിരുന്നു.. ഡാഡി ഇപ്പോള്‍ അകലെ ഒരു ചെറിയ പൊട്ടു മാത്രം...
കണ്ണില്‍ വന്ന കണ്ണീര്‍ തുടച്ചു കളഞ്ഞ് ഞാന്‍ ട്രെയിനിന്റെ തണുത്ത എ സി യിലോട്ട് കേറി...
-------------------------------------------------------------------------------------------------