Tuesday, May 4, 2010

ചക്രവാളം ചുവന്നപ്പോള്‍

പാര്‍ക്കില്‍ ആ യുവതി ഒറ്റയ്ക്കായിരുന്നു ഇരുന്നത്. സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു. ഒരു ആറര മണിയായി കാണണം.

മേരി പാര്‍ക്കില്‍ പ്രവേശിച്ചയുടനെ നമ്മുടെ ഒറ്റയ്ക്കിരിക്കുന്ന നായികയെ കണ്ടു.

"എന്താ അന്നക്കുട്ടി ... ഒരു ഫിലോസൊഫിക്കല്‍  മൂഡില്‍ ആണെന്ന് തോന്നുന്നു? അസ്തമന സൂര്യനെ തന്നെ നോക്കി കൊണ്ടിരിക്കുകയാണല്ലോ? "

"അസ്തമിക്കുന്ന സൂര്യനെ നോക്കി ഇരിക്കുന്നത് എങ്ങനെ ഫിലോസൊഫിക്കല്‍  ആവും? "


"നിന്നോട് വാദിക്കാന്‍ ഞാനില്ല.. ആട്ടെ, പ്രശ്നങ്ങള്‍ ശരിയായോ? "

"ജീവിതത്തില്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല മേരികുട്ടി "

"ജീവിതത്തിന്റെ കാര്യം അവിടെ നിക്കട്ടെ.. അച്ഛന്‍ എന്ത് പറഞ്ഞു?"


ആ യുവതി ഒന്നും മിണ്ടിയില്ല. ചക്രവാളത്തിലെ ചുവപ്പ് ആ യുവതിയുടെ മുഖത്തും പടര്‍ന്നിരുന്നു. ദൈവികമായ ഒരു ചൈതന്യം അപ്പോള്‍ അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു.

"എത്ര മനോഹരമായിരിക്കുന്നു ഈ സന്ധ്യ..  സ്വര്‍ഗത്തിലും ഇത് പോലെ ആയിരിക്കുമോ?... ചുവന്ന ആകാശം.. മാലാഖമാര്‍ ചുറ്റും കൂടി നിന്ന് സങ്കീര്‍ത്തനങ്ങള്‍ പാടുന്നു... വിശുദ്ധന്മാരും വാഴ്ത്തപ്പെട്ടവരും ദൈവത്തെ നീണാള്‍ വാഴ്ത്തുന്നു... എങ്ങും സന്തോഷവും സ്നേഹവും മാത്രം..അലൌകികമായ സൌന്ദര്യം..  ഹോ എന്റെ ആത്മാവ് ആ അനന്തതയില്‍ നീന്തി തുടിക്കാന്‍ കൊതിക്കുന്നു!!"


"ദൈവമേ.. ഈ കൊച്ചിന്റെ കാര്യം... "


"മനുഷ്യര്‍ എന്തിനു മരണത്തെ ഭയക്കുന്നു? മരണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ അല്ലെ?"

"സ്വര്‍ഗത്തിലേക്കല്ല ... ഭ്രാന്താശുപ്പത്രിയിലേക്കുള്ള  വാതില്‍ ആണ്.. നിനക്കെന്തു പറ്റി അന്ന? നീ എന്തിനു ഇങ്ങനെ സംസാരിക്കുന്നു? "

"ഞാന്‍ സത്യം അല്ലെ പറയുന്നത്?... മരണത്തെ നമ്മള്‍ എന്തിനു ഭയക്കണം... ഈ ലോകത്തേക്കാള്‍ എത്ര സുന്ദരമാണ് ആ അനന്തത.. "


"നിനക്ക് ചിത്തഭ്രമം ആണ്.. നീ വീട്ടിലേക്കു വരൂ.. ഇന്ന് രാത്രി എന്റെ വീട്ടില്‍ ഉറങ്ങാം... നമുക്ക് ആ പഴയ കഥകള്‍ പറഞ്ഞു ചിരിക്കുകയും കരയുകയും ചെയ്യാം..  ഓര്‍മ്മകള്‍ അയവിറക്കി ഈ രാത്രി കഴിച്ചു കൂട്ടാം .. ഈ രാത്രി നമുക്കുള്ളതാണ്.... പ്രിയപ്പെട്ട അന്ന, നീ എന്റെ കൂടെ വരൂ... ഞാനും നീയും ഒന്നാണെന്ന് നീ അറിയുന്നില്ലേ? നീ എന്ത് കൊണ്ട് എന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ല? സ്നേഹത്തോടെ ഞാന്‍ വിളിക്കുമ്പോള്‍ നീ ഇങ്ങനെ വാശി പിടിക്കരുത്"

"വേണ്ട.. നീ പൊയ്ക്കോളൂ മേരി .. ഞാന്‍ ഇപ്പോള്‍ വരുന്നില്ല.. ഞാന്‍ ... ഞാന്‍.. ഈ അനന്ത സൌന്ദര്യത്തില്‍ ലയിച്ചു ചേരാന്‍ ആഗ്രഹിക്കുന്നു.. ഈ ലോകത്തിന്റെതായ ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍  എനിക്ക് താല്‍പ്പര്യം ഇല്ല "


"നിനക്ക് വട്ടാണ്.. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്... നീ വരുന്നുണ്ടോ.. നിന്റെ കിറുക്ക് കേട്ടിരിക്കാന്‍ എനിക്ക് വയ്യ!!.. നിന്നെ സ്നേഹിക്കുന്നവരെ നീ എന്തിനിങ്ങനെ വിഷമിപ്പിക്കുന്നു? അതെന്താ...അതെന്താ നിന്റെ കയ്യില്‍?? "


ആ യുവതി പെട്ടെന്ന് ഒന്ന് പരുങ്ങി. പിന്നെ വീണ്ടും സമനില വീണ്ടെടുത്ത്‌ മേരിയെ നോക്കി പുഞ്ചിരിച്ചു..

"ഒന്നും ഇല്ല... വിശന്നപ്പോള്‍ കഴിക്കാന്‍ വേടിച്ചതാണ് "

എന്തോ ഒന്ന് തീരുമാനിച്ച് ഉറപ്പിക്കും പോലെ മേരി അനങ്ങാതെ അവിടെ തന്നെ നിന്നു.
അവസാനം ഒരു ദീര്‍ഘ നിശ്വാസം വിട്ട് അവള്‍ ഇങ്ങനെ പറഞ്ഞു:
"നോക്കു അന്ന... നീ ഇങ്ങനെ സങ്കടപ്പെടരുത്.. ഇതെല്ലം നീ നിന്റെ വിഷമം കൊണ്ട് പറയുന്നതാണ്... യഥാര്‍ത്ഥത്തില്‍ നീ ജീവിക്കാന്‍ ആഗ്രഹിക്കുന്നു.. ഒരു പാട് ജീവിക്കാന്‍ ആഗ്രഹിക്കുന്നു.. സന്തോഷിച്ചും സ്നേഹിച്ചും ചിരിച്ചും ജീവിക്കാന്‍ നിനക്കിനിയും സാധിക്കും... നീ എന്റെ കൂടെ വരൂ.. നമുക്ക് നമ്മുടെ ജീവിതം സ്വര്‍ഗതുല്യമാക്കാം"

മ്ലാനത നിറഞ്ഞ ഒരു പുഞ്ചിരി ആ സുന്ദരിയായ യുവതിയുടെ ചുണ്ടുകളില്‍ വിരിഞ്ഞു.

"നിന്നെ ഞാന്‍ ഒരു പാട് ഇഷ്ട്ടപ്പെടുന്നു മേരി .. നീ നല്ലവളാണ്... അച്ഛനും അമ്മയ്ക്കും നീയായിരുന്നു  മകള്‍ ആകേണ്ടിയിരുന്നത്.  എങ്കിലും നീ പറഞ്ഞത് പോലെ ഒരു പാട് ജീവിക്കുവാനോ സന്തോഷിക്കുവാനോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല..  അങ്ങനെയൊക്കെ മോഹിക്കുന്നത് വ്യര്‍ത്തമാണ് .. ഈ ലോകത്തിലെ ഒരു സുഖത്തിനും ഇനി എന്നെ സന്തോഷിപ്പിക്കുവാന്‍ കഴിയില്ല.. കാരണം ഈ ലോകത്തിലെ സുഖങ്ങള്ലോ സന്തോഷങ്ങള്ലോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.. എന്തെങ്കിലും ആഗ്രഹിക്കുമ്പോള്ളല്ലേ അത് ലഭിക്കുമ്പോള്‍ നമുക്ക് സന്തോഷം തോന്നുന്നത്... എന്റെ മനസ്സില്‍ ആഗ്രഹങ്ങള്‍ തന്നെ ഇല്ലാതെയായിരിക്കുന്നു.. ഒരു തരത്തില്‍ ചിന്തിച്ചാല്‍ അത് ഭയാനകമായ ഒരവസ്ഥയാണ്.. പക്ഷെ വേറെ രീതിയില്‍ ചിന്തിച്ചാല്‍ അത് നമ്മളെ സ്വതന്ത്രമാക്കുന്ന ഒന്നാണ്.. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയാണ്.. ഇപ്പോള്‍ എന്റെ മനസ്സില്‍ ഈ അനന്തതയുടെ സൌന്ദര്യം മാത്രം..."

മേരി പിന്നെ ഒന്നും പറഞ്ഞില്ല. കുറച്ചു നേരം സുന്ദരിയായ  ആ യുവതിയെ തന്നെ നോക്കി നിന്നതിനു ശേഷം അവള്‍ അവിടെ നിന്നും ഒന്നും മിണ്ടാതെ പോയി.


മേരി നടന്നകലുന്നത് കണ്ടപ്പോള്‍ ആ യുവതിയുടെ കണ്ണില്‍ കണ്ണുനീര്‍  പൊടിഞ്ഞു. എങ്കിലും അവള്‍ ധിറുതിയില്‍ ഒരു തൂവാല എടുത്തു ആ കണ്ണീരൊപ്പിക്കളഞ്ഞു. അവളുടെ ആ പ്രവൃത്തി കണ്ടാല്‍ കണ്ണീര്‍ പൊടിഞ്ഞത് വലിയ ഒരു പാപമായി പോയി എന്ന് അവള്‍ക്കു തോന്നുന്നുണ്ട് എന്ന് നമ്മുക്ക് തോന്നി പോകും.    ആ യുവതി ഇമ മങ്ങാതെ ആ അസ്തമിക്കുന്ന സൂര്യനെ തന്നെ നോക്കി കൊണ്ടിരുന്നു. താന്‍ തന്നെയാണ് ആ സൂര്യന്‍ എന്നവള്‍ക്കപ്പോള്‍ തോന്നി. അപ്പോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു. ദൈവികമായ ഒരു അനുഭൂതിയാല്‍ നിയന്ത്രിതയായിരുന്നു അവള്‍..

പയ്യെ അവള്‍ അസ്തമിക്കുന്ന ആ സൂര്യന്റെ ദിശയിലേക്കു നടന്നു.

അപ്പോള്‍ ദൂരെ ചക്രവാളം ഇരുണ്ടു തുടങ്ങിയിരുന്നു.
കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ആന്‍മേരിയും ആ ഇരുളില്‍ അലിഞ്ഞു ചേര്‍ന്നു.

No comments: